പരമീസിയം
From Wikipedia, the free encyclopedia
പീലികളാൽ (Cilia) ആവൃതമായ കോശഭിത്തിയോടുകൂടിയ ഏകകോശികൾക്ക് മാതൃകയായി സാധാരണ പഠിക്കാറുള്ള[1] ഒരു കൂട്ടം ജീവികളാണ് പരമീസിയം. ഇവയ്ക്ക് 50 മുതൽ 350 വരെ മൈക്രോമീറ്റർ നീളമുണ്ടാകും. ജലത്തിൽ ജീവിക്കുന്ന ഇവ, ശരീരത്തെ ആവരണം ചെയ്തിരിക്കുന്ന ലോലമായ പീലികളുടെ സഹായത്തോടെ, പുഴുക്കളുടെ മട്ടിൽ താളത്തിലുള്ള ചലനങ്ങളോടെ സഞ്ചരിക്കുന്നു. ആഴമുള്ള ഒരു വദനച്ചാൽ(oral groove) ഇവയുടെ ദഹനവ്യവസ്ഥയുടെ പ്രധാനഭാഗമാണ്. വദനച്ചാലിന്റെ ഉൾഭാഗവും പീലികളാൾ മൂടപ്പെട്ടിരിക്കുന്നു. ശരീരത്തിന് പുറത്തുള്ള പീലികളേക്കാൾ സങ്കീർണ്ണമാണ് ഈ പീലികൾ. ഭഷണത്തെ ദഹനവ്യവസ്ഥയിലേയ്ക്ക് വലിച്ചെടുക്കാൻ ഇവ സഹായിക്കുന്നു. ബാക്ടീരിയങ്ങളും ഇതരലഘുകോശങ്ങളുമാണ് ഇവയുടെ മുഖ്യഭക്ഷണം. ദ്രവവ്യാപനനിയന്ത്രണത്തിനായി(osmo regulation) ഇവയുടെ കോശത്തിൽ ഒരു ജോഡി സങ്കോചരിക്തികൾ(contractile vacuoles) ഉണ്ട്. ചുറ്റുപാടുകളിൽ നിന്ന് ദ്രവവ്യാപനം വഴി കോശത്തിൽ പ്രവേശിക്കുന്ന ജലത്തെ ശേഖരിച്ച് ബഹിഷ്കരിക്കുകയാണ് ഈ രിക്തികകളുടെ ധർമ്മം.
പാരമീസിയം | |
---|---|
പരമീസിയം ഔറേലിയ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | യൂക്യാരിയോട്ട |
കിങ്ഡം: | പ്രോട്ടിസ്റ്റ |
Phylum: | സീലിയോഫോറ |
Class: | സീലിയേറ്റാ |
Order: | പെനിക്യൂലിഡ |
Family: | പരമീസിഡേ |
Genus: | പരമീസിയം മുള്ളർ, 1773 |
Species | |
പരമീസിയം ഔറേലിയ |
ഉപ്പില്ലാത്ത ജലാശയങ്ങളിൽ, പ്രത്യേകിച്ച് ചളിക്കുണ്ടുകളിലാണ് ഇവ കാണപ്പെടുന്നത്. എന്നാൽ അടുത്ത കാലത്ത്, സമുദ്രത്തിൽ ജീവിക്കുന്ന ചിലയിനങ്ങളും കണ്ടെത്തപ്പെട്ടിട്ടുണ്ട്.