മാരിയമ്മൻ
From Wikipedia, the free encyclopedia
ഹിന്ദു വിശ്വാസപ്രകാരം, ദക്ഷിണേന്ത്യയിൽ പ്രധാനമായും തമിഴ്നാട്ടിൽ ആരാധിച്ചുവരുന്ന ഒരു മാതൃഭഗവതിയാണ് മാരിയമ്മൻ ( /mɒrı əˈmʌn/ തമിഴ്: மாரியம்மன்) അഥവാ മുത്തുമാരി. മാരി(/mɒrı/, /maari/, തമിഴ്: மாரி), മാരി ആയ്(മറാത്തി: मरी आई), മാരിയമ്മ(തമിഴ്: மாரியம்மா), അല്ലെങ്കിൽ അമ്മൻ (തമിഴ്: அம்மன், "mother") എന്നീ നാമങ്ങളിലും മാരിയമ്മൻ അറിയപ്പെടുന്നു. മഴയുടെ ഭഗവതി എന്നാണ് മാരിയമ്മൻ എന്ന വാക്കിനർത്ഥം. പാർവ്വതി, ദുർഗാദേവി, കാളി അഥവാ ആദിപരാശക്തിയുടെ മറ്റൊരു ഭാവമാണ് മാരിയമ്മൻ [1] [2]. ദേവീഭാഗവതത്തിൽ പറയപ്പെടുന്ന മഴയുടെ ഭഗവതിയായ ശതാക്ഷിയാണ് ഇത്. ഉത്തരേന്ത്യയിൽ മാരിയമ്മനു സമാനമായ ശക്തിസങ്കല്പമാണ് ശീതളാദേവി. മഹാകാളിയുടെ അവതാരമായും മാരിയമ്മനെ കരുതുന്നു. കരുമാരിയുമായി കാളിക്ക് സാമ്യമുണ്ട്. ഭദ്രകാളി ഭക്ഷിണ ഭാരതത്തിലേക്ക് മാരിയമ്മന്റെ രൂപത്തിൽ എത്തി എന്നാണ് വിശ്വാസം, ഒപ്പം ഭൈരവൻ മതുരൈ വീരന്റെ രൂപത്തിലും അനുഗമിച്ചു. തമിഴ് കലണ്ടർ പ്രകാരം ആടിമാസത്തിലാണ് മാരിയമ്മന്റെ ഉൽസവം നടക്കുന്നത്. ഇത് ആടിത്തിരുവിഴ എന്നപേരിൽ അറിയപ്പെടുന്നു. സമൃദ്ധമായി മഴ ലഭിക്കുന്നതിനും, കോളറ, ചിക്കൻപോക്സ് മുതലായ മഹാമാരികളിൽ നിന്നും മുക്തി നേടുവാനായും മാരിയമ്മനെ ആരാധിക്കാറുണ്ട്. വരൾച്ച ബാധിച്ച പ്രദേശങ്ങളിലെ കർഷകരാണ് പ്രധാനമായും മുത്തുമാരിയെ ആരാധിച്ചിരുന്നത്. കേരളത്തിലും ചില വിഭാഗങ്ങൾ മാരിയമ്മയെ പരമ്പരാഗതമായിട്ട് കുടുംബദൈവമായി ആരാധിച്ചു വരുന്നുണ്ട്.