ഡ്യൂറണ്ട് രേഖ
From Wikipedia, the free encyclopedia
പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലുള്ള അന്താരാഷ്ട്രഅതിർത്തിരേഖയാണ് ഡ്യൂറണ്ട് രേഖ എന്നറിയപ്പെടുന്നത്. അത്ര കൃത്യമായി തിട്ടപ്പെടുത്താത്ത ഈ അതിർത്തി ഏതാണ്ട് 2,640 കിലോമീറ്റർ (1,610 മൈൽ) നീളമുള്ളതാണ്. 1893-ൽ ബ്രിട്ടീഷ് ഇന്ത്യ ഭരണകൂടവും അഫ്ഗാനിസ്താനിലെ അന്നത്തെ അമീർ ആയിരുന്ന അബ്ദുർറഹ്മാൻ ഖാനും തമ്മിൽ, ഇരുകൂട്ടരുടേയും സ്വാധീനമേഖലക്ക് പരിധി നിശ്ചയിക്കുന്നതിനായി ഒപ്പുവക്കപ്പെട്ട ഡ്യൂറണ്ട് രേഖ കരാർ പ്രകാരമാണ് ഈ അതിർത്തിരേഖ നിലവിൽ വന്നത്. ബ്രിട്ടീഷ് ഇന്ത്യയിലെ അന്നത്തെ വിദേശകാര്യസെക്രട്ടറി ആയിരുന്ന ഹെന്രി മോർട്ടൈമർ ഡ്യൂറണ്ടിന്റെ പേരിലാണ് ഈ രേഖ അറിയപ്പെടുന്നത്. വിവിധ പഷ്തൂൺ ജനവിഭാഗങ്ങളുടെ ആവാസമേഖലകളെ രണ്ടായി വിഭജിച്ച ഈ രേഖ അഫ്ഗാനിസ്താൻ പാകിസ്താൻ ബന്ധത്തിനിടയിലുള്ള ഒരു പ്രധാന പ്രശ്നസ്രോതസ്സാണ്.[1] മാത്രമല്ല, ലോകത്തെ ഏറ്റവും അപകടകരമായ മേഖലകളിലൊന്നിലൂടെയാണ് ഈ രേഖ കടന്നുപോകുന്നത്[2][3][4]
ഈ രേഖക്ക് അന്താരാഷ്ട്രഅതിർത്തി എന്ന നിലയിലുള്ള സ്ഥാനം ഇന്നുവരെ പൂർണ്ണമായി കൈവന്നിട്ടില്ല[1]. വിവിധ അന്താരാഷ്ട്രഭൂപടങ്ങളിൽ പാക് അഫ്ഗാൻ അതിർത്തിയായി ഡ്യൂറണ്ട് രേഖയെ കാണിക്കുന്നുണ്ടെങ്കിലും അഫ്ഗാനിസ്താൻ ഈ രേഖയെ അംഗീകരിച്ചിട്ടില്ല.[5][6][7][8][9] രേഖക്ക് കിഴക്കുള്ള പല പ്രദേശങ്ങളുടെ മേലും, പണ്ട് ബ്രിട്ടീഷുകാർക്കോ, ഇന്ന് പാകിസ്താൻ അധികൃതർക്കോ പൂർണമായി ആധിപത്യം സ്ഥാപിക്കാൻ സാധിച്ചിട്ടില്ല. പല പ്രദേശങ്ങളും രാഷ്ട്രീയസ്വയംഭരണമുള്ള ഗോത്രമേഖലയായി ഇന്നും തുടരുന്നു.[1]