ഫിസിക്കൽ തെറാപ്പി
From Wikipedia, the free encyclopedia
ആധുനിക വൈദ്യശാസ്ത്രത്തിലെ ഒരു ശാസ്ത്രീയ ചികിത്സാരീതിയാണ് ഫിസിക്കൽ തെറാപ്പി ആൻഡ് റീഹാബിലിറ്റേഷൻ. ഫിസിയോതെറാപ്പി എന്ന് പൊതുവേ അറിയപ്പെടുന്നു. രോഗകാരണങ്ങൾ ഒഴിവാക്കിയോ, രോഗം പരിഹരിച്ചോ, രോഗിയെ പുനരുത്ഥരിച്ചോ രോഗിയുടെ ജീവിത നിലവാരം ഉയർത്തുകയാണ് ഇവിടെ ചെയ്യുന്നത്. രോഗിയുടെ ഉള്ളിലേക്ക് മരുന്നുകളൊന്നും നൽകാതെ പൂർണ്ണമായും വ്യായാമ മുറകളിലൂടെ രോഗം ഭേദമാക്കുകയാണ് ഈ ചികിത്സാ രീതിയുടെ പ്രത്യേകത. ഫിസിയോതെറാപ്പി എന്നത് മെഡിക്കൽ സയൻസിലെ പുതിയ ശാഖയാണ്. മരുന്നുകൾ കൂടാതെ കായികമായും, ആധുനിക യന്ത്രങ്ങളുടെയും സഹായത്താൽ നടത്തുന്ന ചികിത്സ രീതിയാണിത്. ഇന്ന് നടു വേദന, കഴുത്തു വേദന, മസ്തിഷ്കാഘാതം (സ്ട്രോക്ക്) തുടങ്ങിയ നിരവധി രോഗങ്ങൾ വർധിച്ചു വരുന്നതിനാൽ ഈ വൈദ്യ ശാസ്ത്ര ശാഖയ്ക്ക് സാധ്യത കൂടുതലാണ്. പണ്ട് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ് എന്ന നിലയിൽ ന്യൂറോസർജന്റെയോ അസ്തി രോഗ വിദഗ്ദ്ധന്റെയോ കീഴിലായിരുന്നു ഈ വിഭാഗം. എന്നാൽ മറ്റു വികസിത രാജ്യങ്ങളിലേപ്പോലെ ഇന്ത്യയിലും എംബിബിസ്, ബിഡിഎസ് ശാഖകൾക്ക് സമാനമായി 5 വർഷത്തെ പഠനത്തിനും പ്രായോഗിക പരിശീലനത്തിനും ശേഷം കിട്ടുന്ന പ്രൊഫഷണൽ ബിരുദമാണ് ബിപിറ്റി(BPT) അഥവാ ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി. ഇതിന്ശേഷം വിവിധ വിഷയങ്ങളിൽ പിജി കോഴ്സായ MPT, PhD (ഗവേഷണം) എന്നിവക്കുള്ള അവസരവുമുണ്ട്. വികസിത രാജ്യങ്ങളിൽ മറ്റു ആരോഗ്യ വിദഗ്ദ്ധരെ പോലെയുള്ള സ്ഥാനമാണ് ഈ ചികത്സകനുള്ളത്. ഡോക്ടർ(Dr) എന്ന പദം ഇവരെയും സംബോധന ചെയ്യാൻ ഉപയോഗിക്കാറുണ്ട്. ചികിത്സക്കൊപ്പം, രോഗികൾക്ക് ഡിസബിലിറ്റി, ഇൻഷുറൻസ് അസ്സസ്മെന്റ് സർട്ടിഫിക്കറ്റ് എന്നിവ നൽകുന്നതും ഇവരാണ്. എന്നാൽ ഇന്ത്യയിൽ ഫിസിയോതെറാപ്പി, ഒക്കുപ്പേഷണൽ തെറാപ്പി എന്നിവയ്ക്ക് പ്രത്യേക കൗൺസിലുകൾ രൂപീകരിച്ചിട്ടില്ല. നേരത്തെ ഇന്ത്യൻ റീഹാബിലിറ്റേഷൻ കൗൺസിലിൽ ആണ് ഫിസിയോതെറാപ്പിസ്റ്റുകൾ രജിസ്റ്റർ ചെയ്തിരുന്നത്ശ്യം. 2011 ൽ ശ്രീ അമർസിംഗ് എംപി ചെയർമാനായ പാർലിമെന്ററി കമ്മറ്റി, ഇന്ത്യൻ ഫിസിയോതെറാപ്പി ബിൽ പാർലിമെന്റിൽ അവതരിപ്പിക്കുകയും, രാജ്യ സഭ അംഗീകരിക്കുകയും, ചെയ്തുവെങ്കിലും ലോക്സഭ ബിൽ പരിഗണനക്ക് എടുത്തില്ല. പ്രായമായവരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഫിസിയോതെറാപിസ്റ്റുമാരുടെ ഔഷധരഹിത ചികിത്സയുടെ പ്രസക്തി കൂടുതലാണ്. അമേരിക്കൻ ഐക്യനാടുകൾ, യുകെ, യൂറോപ്യൻ രാജ്യങ്ങൾ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ പ്രത്യേക കൌൺസിലോട് കൂടി ഈ വൈദ്യ ശാസ്ത്ര ശാഖ വളരെയേറെ വികാസം പ്രാപിച്ചിട്ടുണ്ട്. ചെറുതും വലുതുമായ ധാരാളം കോഴ്സുകളാണ് തുടർ പഠനത്തിനായി അവിടങ്ങളിൽ ലഭ്യമാക്കിയിട്ടുള്ളത്.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |