ചന്ദ്രഗുപ്ത മൗര്യൻ
മൗര്യ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ചക്രവർത്തി / From Wikipedia, the free encyclopedia
ചന്ദ്രഗുപ്തൻ എന്നും അറിയപ്പെട്ട ചന്ദ്രഗുപ്ത മൗര്യൻ (സംസ്കൃതം: चन्द्रगुप्त मौर्य) (ജനനം: ക്രി.മു. 340, ഭരണകാലം ക്രി.മു. 320[1] – ക്രി.മു. 298 [2]) മൗര്യ സാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളെയും ഒരുമിപ്പിച്ചു. തത്ഫലമായി ഇന്ത്യയെ ആദ്യമായി ഒരുമിപ്പിച്ചയാൾ ചന്ദ്രഗുപ്തനാണെന്ന് കരുതുന്നു. ഇന്ത്യയുടെ ആദ്യത്തെ യഥാർത്ഥ ചക്രവർത്തിയായും ചന്ദ്രഗുപ്തനെ കരുതുന്നു.[3] ഗ്രീക്ക്, ലാറ്റിൻ വിവരണങ്ങളിൽ ചന്ദ്രഗുപ്തൻ അറിയപ്പെടുന്നത് സാന്ദ്രകുപ്തോസ് (Σανδρόκυπτος), സാന്ദ്രോകൊത്തോസ് (Σανδρόκοττος), ആൻഡ്റോകോട്ടസ് എന്നിങ്ങനെയാണ്.[4]
ചന്ദ്രഗുപ്ത മൗര്യൻ | |
---|---|
മൗര്യ ചക്രവർത്തി | |
ഭരണകാലം | ക്രി.മു. 322-ക്രി.മു. 298 |
പിൻഗാമി | ബിന്ദുസാരൻ |
രാജകൊട്ടാരം | മൗര്യ സാമ്രാജ്യം |
പിതാവ് | സൂരിയഗുപ്ത മൗര്യൻ |
മാതാവ് | മുര |
ചന്ദ്രഗുപ്തൻ അധികാരം കേന്ദ്രീകരിക്കുന്നതിന് മുമ്പ്, വടക്കുകിഴക്കേ ഇന്ത്യൻ ഉപഭൂഖണ്ഡം ഭരിച്ചിരുന്നത് പല ചെറുരാജ്യങ്ങളായിരുന്നു. സിന്ധൂ ഗംഗാ സമതലം നന്ദ രാജവംശത്തിന്റെ അധീനതയിലുമായിരുന്നു.[5] ചന്ദ്രഗുപ്തന്റെ സൈനിക വിജയങ്ങൾക്കു ശേഷം മൗര്യ സാമ്രാജ്യം കിഴക്ക് ബംഗാൾ, ആസ്സാം എന്നിവിടങ്ങൾ മുതൽ[6] പടിഞ്ഞാറ് അഫ്ഗാനിസ്ഥാൻ, ബലൂചിസ്ഥാൻ എന്നിവിടങ്ങൾ വരെയും വടക്ക് കാശ്മീർ, നേപ്പാൾ എന്നിവിടങ്ങൾ വരെയും[7], തെക്ക് ഡെക്കാൻ പീഠഭൂമി വരെയും വ്യാപിച്ചു.[8]