അമാനുള്ള ഖാൻ
From Wikipedia, the free encyclopedia
1919 മുതൽ 1929 വരെ അഫ്ഗാനിസ്താന്റെ ഭരണാധികാരിയായിരുന്നു അമാനുള്ള ഖാൻ (പഷ്തു: أمان الله خان ) (ജീവിതകാലം:1892 ജൂൺ 1 - 1960 ഏപ്രിൽ 25). അഫ്ഗാനിസ്താൻ അമീറത്തിന്റെ അവസാനത്തെ അമീർ ആയിരുന്നു അമാനുള്ള. 1919 മുതൽ 1926 വരെ അമീർ (പടനായകൻ) എന്ന പദവിയിൽ ഭരണത്തിലിരുന്ന ഇദ്ദേഹം, അതിനു ശേഷം ഷാ (ചക്രവർത്തി) എന്ന പദവി സ്വീകരിക്കുകയും ചെയ്തു.
അമാനുള്ള ഖാൻ | |
---|---|
അഫ്ഗാനിസ്താന്റെ അമീർ, അഫ്ഗാനിസ്താന്റെ ചക്രവർത്തി (ഷാ) | |
ഭരണകാലം | 1919 ഫെബ്രുവർ 28 - 1929 ജനുവരി 14 |
അടക്കം ചെയ്തത് | ജലാലാബാദ്, അഫ്ഗാനിസ്താൻ |
മുൻഗാമി | നാസറുള്ള ഖാൻ |
പിൻഗാമി | ഇനായത്തുള്ള ഖാൻ |
പിതാവ് | ഹബീബുള്ള ഖാൻ |
മാതാവ് | സർവാർ സുൽത്താന ബീഗം |
തന്റെ പിതാവായ ഹബീബുള്ള ഖാന്റെ മരണശേഷം ഭരണത്തിലേറിയ നാസറുള്ള ഖാനെ പുറത്താക്കിയാണ് അമാനുള്ള കാബൂളിൽ അമീർ ആയി സ്ഥാനമേറ്റത്. ധീരനായ ഭരണാധികാരിയായിരുന്ന അമാനുള്ളയുടെ കാലത്ത്, ബ്രിട്ടണുമായി അഫ്ഗാനിസ്താൻ യുദ്ധത്തിലേർപ്പെടുകയും, അഫ്ഗാനിസ്താന്റെ വിദേശനയതന്ത്രകാര്യങ്ങളിൽ ബ്രിട്ടണുണ്ടായിരുന്ന നിയന്ത്രണം ഇല്ലായ്മ ചെയ്യുകയും ചെയ്തു. ഇതിനെത്തുടർന്ന് അഫ്ഗാനിസ്താൻ, സോവിയറ്റ് യൂണിയനടക്കം, മറ്റു വിദേശരാജ്യങ്ങളുമായി ബന്ധം സ്ഥാപിച്ചു.
അഫ്ഗാനിസ്താനിൽ എഴുതപ്പെട്ട ഒരു ഭരണഘടന ആദ്യമായി ഉണ്ടാക്കിയത് അമാനുള്ളയുടെ ഭരണകാലത്താണ്. ഈ ഭരണഘടനയിലൂടെ രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി, തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളടങ്ങിയ പാർലമെന്റിനും അദ്ദേഹം രൂപം നൽകി. പരിഷ്കരണവാദിയായിരുന്ന അമാനുള്ള എല്ലാ മതവിശ്വാസികൾക്കും തുല്യത നൽകുക, സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുക, പർദ്ദ ഒഴിവാക്കുക തുടങ്ങിയ വിപ്ലവകരമായ നിരവധി വ്യക്തി-സാമൂഹികനിയമങ്ങൾ നടപ്പിലാക്കുകയും ചെയ്തു. ഇതുമൂലം അടിസ്ഥാനമതവാദികളുടെ എതിർപ്പ് സമ്പാദിക്കേണ്ടിവരുകയും 1929-ൽ ഭരണം വിട്ടൊഴിയാൻ നിർബന്ധിതനാകുകയും ചെയ്തു. പരിഷ്കാരങ്ങൾ വളരെ ധൃതി പിടിച്ച് നടപ്പിലാക്കിയതിനാലും ശക്തമായ സൈനികപിന്തുണയുടെ അഭാവവുമായിരുന്നു, അമാൻ അള്ളായുടെ നയങ്ങൾ പരാജയപ്പെടാനുള്ള കാരണം എന്ന് വിലയിരുത്തപ്പെടുന്നു.