ജോസഫ് ഗീബൽസ്
നാസി ജർമ്മനിയുടെ പ്രൊപഗണ്ടമന്ത്രി / From Wikipedia, the free encyclopedia
ഒരു ജർമ്മൻ രാഷ്ട്രീയപ്രവർത്തകനും നാസി ജർമ്മനിയുടെ പ്രൊപഗണ്ടമന്ത്രിയുമായിരുന്നു പോൾ ജോസഫ് ഗീബൽസ്(German: [ˈɡœbəls] ( listen)(ജനനം:ഒക്ടോബർ 1897 -മരണം:മെയ് 1, 1945). ജർമ്മൻ ഏകാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്ലറുടെ ഏറ്റവും അടുത്ത സഹകാരിയും അനുയായിയുമായിരുന്ന ഗീബൽസ് ജർമ്മനിയുടെ ഒരു ദിവസത്തെ ചാൻസലറുമായിരുന്നിട്ടുണ്ട്. ജൂതവിരോധത്തിനും പ്രസംഗപാടവത്തിനും പേരുകേട്ട ആളായിരുന്നു ഗീബൽസ്. ജൂതർക്കെതിരായ ക്രിസ്റ്റൽനൈറ്റ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ഗീബൽസായിരുന്നു. ജർമ്മൻ ജനതയെ അക്രമോൽസുകമായ യുദ്ധത്തിന് മാനസികമായി ഒരുക്കുന്നതിന് വേണ്ടി ആധുനികപ്രചരണതന്ത്രങ്ങൾ ഗീബൽസ് ഉപയോഗിച്ചു. ജർമ്മനിയിലെ വംശീയവിഭാഗങ്ങളെയും ദേശീയന്യൂനപക്ഷങ്ങളേയും അവർ രാജ്യത്തെ തകർക്കുകയാണെന്ന് ആരോപിച്ച് അപഹസിച്ചു. കടുത്ത ജൂതവിരോധിയായിരുന്ന ഗീബൽസ് ഹോളോകോസ്റ്റിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായിരുന്നു. ആദ്യ കാലങ്ങളിൽ ഹിറ്റ്ലറിന്റെ വിമർശകനിൽ നിന്നു ഹിറ്റ്ലറിന്റെ വിശ്വസ്തനിലേക്കുള്ള മാറ്റം വിശ്വസിക്കാവുന്നതിലും അപ്പുറത്ത് ആയിരുന്നു .
ജോസഫ് ഗീബൽസ് Paul Joseph Goebbels | |
---|---|
ജർമൻ ചാൻസലർ | |
ഓഫീസിൽ 1945 ഏപ്രിൽ 30 – 1945 മെയ് 1 | |
രാഷ്ട്രപതി | കാൾ ഡോണിറ്റ്സ് |
മുൻഗാമി | അഡോൾഫ് ഹിറ്റ്ലർ |
പിൻഗാമി | ആരുമില്ല (ലുട്സ് ഗാഫ് ഷ്വെറിൻ വൺ ക്രോസിഗ് മുഖ്യ മന്ത്രിയായി) |
പ്രബോധയ- ആശയപ്രചാരണ മന്ത്രി | |
ഓഫീസിൽ 1933 മാർച്ച് 13 – 1945 ഏപ്രിൽ 30 | |
മുൻഗാമി | പദവി നിർമ്മിക്കപ്പെട്ടു |
പിൻഗാമി | വെർണർ ന്യൂമാൻ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1897-10-29)ഒക്ടോബർ 29, 1897 റെയ്ഡ്റ്റ്, പ്രഷ്യൻ സാമ്രാജ്യം, ജർമൻ സാമ്രാജ്യം |
മരണം | 1 മേയ് 1945(1945-05-01) (പ്രായം 47) ബെർളിൻ, ജർമനി |
രാഷ്ട്രീയ കക്ഷി | നാസിപ്പാർട്ടി (NSDAP) |
പങ്കാളി | മാഗ്ദ ഗീബൽസ് |
അൽമ മേറ്റർ |
|
ജോലി | രാഷ്ട്രീയക്കാരൻ |
ഒരു എഴുത്തുകാരനാകണമെന്നു മോഹിച്ചിരുന്ന ഗീബൽസ് 1921 -ൽ ഹെയ്ഡൽബർഗ് സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കി. 1924 -ൽ നാസി പാർട്ടിയിൽ ചേർന്ന അയാൾ ഗ്രിഗർ സ്ട്രാസ്സറിനൊപ്പം പാർട്ടിയുടെ വടക്കൻ മേഖലയിലാണ് പ്രവർത്തിച്ചത്. 1926 -ൽ ബെർളിന്റെ ജില്ലാനേതാവായി അവരോധിക്കപ്പെട്ട ഇയാൾ പാർട്ടിയുടെ നയങ്ങളും നടപടികളെയും പ്രചരിപ്പിക്കാൻ ആശയപ്രചാരണം എന്ന രീതി അവലംബിക്കുന്നതിൽ പ്രത്യേകപരീക്ഷണങ്ങൾ നടത്തി. 1933 -ൽ നാസികൾ അധികാരം പിടിച്ചെടുത്തപ്പോൾ ഗീബൽസ് പ്രചരണമന്ത്രിയായി നിയമിക്കപ്പെട്ടു. ഉടൻ തന്നെ മാധ്യമം, കല, തുടങ്ങിയ മേഖലകളിൽ ഏകാധിപത്യപരമായ നിയന്ത്രണം ഗീബൽസ് കൊണ്ടുവന്നു. നാസി ആശയപ്രചാരണം നടത്താൻ താരതമ്യേന നവമാധ്യമങ്ങളായ റേഡിയോയെയും ചലച്ചിത്രത്തെയും അയാൾ ഉപയോഗപ്പെടുത്തി. പാർട്ടി പ്രചാരണത്തിനു പ്രധാനമായി ഉപയോഗിച്ചിരുന്നത് ജൂതവിരോധം, ക്രിസ്ത്യാനികളുടെ പള്ളികൾ ആക്രമിക്കൽ എന്നിവയായിരുന്നു.
1943 -ൽ ഗീബൽസ് ഹിറ്റ്ലറെക്കൊണ്ട് സമ്പൂർണ്ണയുദ്ധമുണ്ടാക്കാൻ നിർബന്ധിച്ചു. ഇതിനായി യുദ്ധാവശ്യത്തിനുള്ളതല്ലാത്ത ബിസിനസ്സുകൾ പൂട്ടാനും, സ്ത്രീകളെ ജോലിചെയ്യാനും, നേരത്തെ സൈനികസേവനങ്ങളിൽ നിന്നും ഒഴിവാക്കിയ പുരുഷന്മാരെ വീണ്ടും സേനയിലേക്ക് ചേർക്കാനും തുടങ്ങി. ഒടുവിൽ 1944 ജൂലൈ 23 -ന് ഹിറ്റ്ലർ ഗീബൽസിനെ യുദ്ധകാര്യമന്ത്രിയാക്കി നിയമിച്ചു. തുടർന്ന് ഗീബൽസ് കൂടുതൽ ആൾക്കാരെ സൈനികസേവനത്തിനും ആയുധമുണ്ടാക്കാനുള്ള ശാലകളിലും നിയമിക്കാൻ ശ്രമിച്ചെങ്കിലും അതു വിജയമായിരുന്നില്ല. യുദ്ധത്തിനൊടുവിൽ ജർമനിയുടെ പരാജയം ഉറപ്പായതോടെ 1945 ഏപ്രിൽ 22 -ന് ഗീബൽസിന്റെ ഭാര്യ മഗ്ദയും അവരുടെ ആറു കുട്ടികളും ബെർളിനിൽ ഗീബൽസിന്റെ അടുത്തേക്ക് എത്തി. ഹിറ്റ്ലറുടെ ബങ്കറിന്റെ ഒരു ഭാഗമായ വോർബങ്കറിലാണ് അവർ താമസിച്ചത്. ഏപ്രിൽ 30 -ന് ഹിറ്റ്ലർ ആത്മഹത്യ ചെയ്തപ്പോൾ ഹിറ്റ്ലറുടെ വില്പത്രപ്രകാരം ഗീബൽസ് ജർമനിയുടെ ചാൻസലർ ആയി. ഒരു ദിവസം മാത്രം ആ സ്ഥാനത്തിരുന്ന ഗീബൽസും അയാളുടെ ഭാര്യ മഗ്ദയും ചേർന്ന് അവരുടെ ആറ് കുഞ്ഞുങ്ങളെ സയനൈഡ് നൽകി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു.