അഡോൾഫ് ഹിറ്റ്ലർ
1933 മുതൽ 1945 വരെ ജർമ്മനിയുടെ ചാൻസലർ / From Wikipedia, the free encyclopedia
1933 മുതൽ 1945 വരെ ജർമ്മനിയുടെ ചാൻസലറായിരുന്നു അഡോൾഫ് ഹിറ്റ്ലർ (കേൾക്കുകⓘ) (ഐ.പി.എ: ['a: dɔlf 'hɪtlɚ]) (ഏപ്രിൽ 20, 1889 – ഏപ്രിൽ 30, 1945). 1934 മുതൽ 1945 വരെ ഹിറ്റ്ലർ ഫ്യൂറർ എന്ന് അറിയപ്പെട്ടു. ഓസ്ട്രിയയിൽ ജനിച്ച ജർമൻ രാഷ്ട്രീയപ്രവർത്തകനും നാഷണൽ സോഷ്യലിസ്റ്റ് ജർമ്മൻ വർക്കേഴ്സ് പാർട്ടിയുടെ (നാഷണാത്സോഷ്യലിസ്റ്റീഷ് ഡോയിഷ് ആർബീറ്റെർപാർട്ടി, ചുരുക്കെഴുത്ത് എൻ.എസ്.ഡി.എ.പി അല്ലെങ്കിൽ നാസി പാർട്ടി) തലവനും ആയിരുന്ന ഹിറ്റ്ലർ ആയിരുന്നു നാസി ജർമ്മനിയുടേയും രണ്ടാം ലോകമഹായുദ്ധത്തിലെ യൂറോപ്പിന്റേയും ഹോളോകാസ്റ്റിന്റേയും കേന്ദ്രം. നാസിസത്തിന്റെ ഉപജ്ഞാതാവായി ഹിറ്റ്ലർ കരുതപ്പെടുന്നു.
അഡോൾഫ് ഹിറ്റ്ലർ | |
---|---|
ഫ്യൂറർ | |
ഓഫീസിൽ 2 ആഗസ്റ്റ് 1934 – 30 ഏപ്രിൽ 1945 | |
മുൻഗാമി | പോൾ വോൺ ഹിൻഡൻബർഗ്ഗ് (രാഷ്ട്രപതി) |
പിൻഗാമി | കാൾ ഡോണിറ്റ്സ് (രാഷ്ട്രപതി) |
റീച്ച്ചാൻസലർ | |
ഓഫീസിൽ 30 ജനുവരി 1933 – 30 ഏപ്രിൽ 1945 | |
രാഷ്ട്രപതി | പോൾ വോൺ ഹിൻഡൻബർഗ്ഗ് |
Deputy |
|
മുൻഗാമി | കർട്ട് വോൺ ഷ്ലീഷെർ |
പിൻഗാമി | ജോസഫ് ഗീബൽസ് |
പ്രഷ്യൻ റീച്ച്സ്താത്താൽട്ടർ | |
ഓഫീസിൽ 30 ജനുവരി 1933 – 30 ജനുവരി 1935 | |
പ്രധാനമന്ത്രി |
|
മുൻഗാമി | ഓഫീസ് നിർമ്മിക്കപ്പെട്ടു |
പിൻഗാമി | ഓഫീസ് നശിപ്പിക്കപ്പെട്ടു |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1889-04-20)20 ഏപ്രിൽ 1889 ബ്രണൗ ആം ഇൻ, ഓസ്ട്രിയ-ഹങ്കറി |
മരണം | 30 ഏപ്രിൽ 1945(1945-04-30) (പ്രായം 56) ബെർലിൻ, ജർമ്മനി |
Cause of death | ആത്മഹത്യ |
ദേശീയത |
|
രാഷ്ട്രീയ കക്ഷി | നാഷണൽ സോഷ്യലിസ്റ്റ് ജർമ്മൻ വർക്കേഴ്സ് പാർട്ടി (എൻ.എസ്.ഡി.എ.പി) |
മറ്റ് രാഷ്ട്രീയ അംഗത്വം | ജെർമ്മൻ വർക്കേഴ്സ് പാർട്ടി (1920–1921) |
പങ്കാളികൾ | ഇവാ ബ്രൌൺ (29–30 ഏപ്രിൽ 1945) |
ജോലി | രാഷ്ട്രീയ പ്രവർത്തകൻ, സൈനികൻ, എഴുത്തുകാരൻ, ചിത്രകാരൻ |
അവാർഡുകൾ |
|
ഒപ്പ് | |
Military service | |
Allegiance | German Empire |
Branch/service | Reichsheer |
Years of service | 1914–1918 |
Rank | ജെഫ്രൈറ്റർ |
Unit | 16ആം ബവേറിയൻ റിസെർവ് റെജിമെന്റ് |
Battles/wars | ഒന്നാം ലോകമഹായുദ്ധം |
ഒന്നാം ലോകമഹായുദ്ധത്തിൽ സൈനികനായി ഹിറ്റ്ലർ പങ്കെടുത്തിട്ടുണ്ട്. പിന്നീട് എൻ.എസ്.ഡി.എ.പിയുടെ മുൻരൂപമായിരുന്ന ജെർമൻ വർക്കേഴ്സ് പാർട്ടിയിൽ 1919ൽ ഹിറ്റ്ലർ അംഗമായി. 1921ൽ എൻ.എസ്.ഡി.എ.പിയുടെ തലവനുമായി. 1923 -ൽ ഹിറ്റ്ലർ ഭരണകൂടത്തെ പട്ടാള വിപ്ലവത്തിലൂടെ അട്ടിമറിക്കാൻ ശ്രമിച്ചു. ബീർ ഹാൾ പുഷ് എന്നറിയപ്പെട്ട ഈ അട്ടിമറി ശ്രമം പരാജയപ്പെട്ടു. പിടിയിലായ ഹിറ്റ്ലർ ജയിലിലടക്കപ്പെട്ടു. ജയിലിൽ വെച്ചാണ് ഹിറ്റ്ലർ തന്റെ ആത്മകഥയായ മെയ്ൻ കാംഫ് (എന്റെ പോരാട്ടം) എഴുതുന്നത്. 1924ൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഹിറ്റ്ലറുടെ ജനപിന്തുണ വർദ്ധിച്ചു. ഊർജ്ജിത പ്രഭാവത്തോടെയുള്ള പ്രസംഗങ്ങളിലൂടെ വേഴ്സായി ഉടമ്പടിയെ ആക്രമിച്ചും ജെർമ്മൻ ദേശീയത, കമ്യൂണിസ്റ്റ് വിരുദ്ധത, ജൂത വിരുദ്ധത എന്നിവയെ പ്രോത്സാഹിപ്പിച്ചുമാണ് ഹിറ്റ്ലർ ജനപ്രീതി വർദ്ധിപ്പിച്ചത്. ഇതിലൂടെ ഹിറ്റ്ലർ നാസി പ്രചാരണം ശക്തിപ്പെടുത്തി. 1933 -ൽ ചാൻസലറായി അവരോധിക്കപ്പെട്ട ശേഷം ഹിറ്റ്ലർ വെയ്മർ റിപ്പബ്ലിക്കിനെ (പുരാതന ജർമ്മനി) മൂന്നാം സാമ്രാജ്യമായി മാറ്റി. നാസിസത്തിന്റെ ആശയസംഹിത പ്രകാരമായിരുന്നു ഹിറ്റ്ലർ ഇത് നടപ്പിലാക്കിയത്.
യൂറോപ്യൻ വൻകരയിൽ നാസി പാർട്ടിയുടെ ആധിപത്യത്തിലുള്ള ഒരു പുതിയ ഭരണക്രമം സ്ഥാപിക്കുക എന്നതായിരുന്നു ഹിറ്റ്ലറുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ജെർമ്മൻ ജനതക്ക് വാസസ്ഥലം ഒരുക്കുക (ലെബെൻസ്രോം) എന്ന ലക്ഷ്യം അയാളുടെ ദേശീയ, പ്രാദേശിക നയങ്ങളിലുണ്ടായിരുന്നു. 1939 -ലെ പോളണ്ട് അധിനിവേശത്തിലൂടെയാണ് തന്റെ ജർമ്മൻ വിപുലീകരണം ഹിറ്റ്ലർ ആരംഭിക്കുന്നത്. ഈ സൈനിക നീക്കമാണ് രണ്ടാം ലോകമഹായുദ്ധത്തിന് കാരണമായത്. ഹിറ്റ്ലറുടെ കീഴിൽ 1941 -ൽ ജർമ്മനിയും സഖ്യകക്ഷികളും യൂറോപ്പിന്റേയും വടക്കേ ആഫ്രിക്കയുടേയും ഭൂരിഭാഗവും കൈക്കലാക്കി. എന്നാൽ 1943 ആയപ്പോഴേക്കും ഹിറ്റ്ലറിന് തുടർച്ചയായ പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. യുദ്ധത്തിന്റെ അവസാന ദിനങ്ങൾക്കിടയിൽ, ബെർലിൻ യുദ്ധത്തിനിടയിൽ ഹിറ്റ്ലർ തന്റെ ദീർഘകാല ജീവിതപങ്കാളി ഇവ ബ്രൗണിനെ വിവാഹം ചെയ്തു. രണ്ടു ദിവസത്തിനു ശേഷം 1945 ഏപ്രിൽ 30ന് ചെമ്പട പിടിക്കപ്പെടുന്നത് ഒഴിവാക്കാൻ ഹിറ്റ്ലറും ഇവാ ബ്രൗണും ആത്മഹത്യ ചെയ്തു. അവരുടെ ശവശരീരങ്ങൾ പിന്നീട് കത്തിക്കപ്പെട്ടു.
ഹിറ്റ്ലറിന്റെ സ്വേച്ഛാധിപത്യപരവും വംശീയ യാഥാസ്ഥിതികത്വവും രണ്ടാം ലോകമഹായുദ്ധകാലത്ത് അഞ്ച് കോടിയോളം പേരുടെ ജീവനപഹരിച്ചു. ഇതിൽ ആറ് ദശലക്ഷം ജൂതന്മാർ ഉണ്ടായിരുന്നു. ജൂതന്മാരെ കൂടാതെ ജിപ്സികൾ, കമ്മ്യൂണിസ്റ്റുകാർ, യഹോവയുടെ സാക്ഷികൾ , സ്വവർഗ അനുരാഗികൾ തുടങ്ങിയവരെയും പീഡനത്തിന് വിധേയർ ആക്കുകയും വധിക്കുകയും ചെയ്തു. ജൂതരുടെ വ്യവസ്ഥാപിതമായ ഉന്മൂലനത്തിന് നേതൃത്വം നൽകിയത് ഹിറ്റ്ലറും അടുത്ത കൂട്ടാളികളുമായിരുന്നു. ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമായ ദ ഹൻഡ്രഡ് എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978 -ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ മുപ്പത്തി ഒമ്പതാം സ്ഥാനം ഹിറ്റ്ലർക്കാണ്. ചാർളി ചാപ്ലിന്റെ ദ ഗ്രേറ്റ് ഡിക്ടേറ്റർ എന്ന ചലച്ചിത്രം ഹിറ്റ്ലറുടെ അധികാരത്വര ലോകത്തെ ആകമാനം നശിപ്പിക്കുന്നതിനെപ്പറ്റിയുള്ളതാണ്.