ആർത്തവം
From Wikipedia, the free encyclopedia
ഗർഭപാത്രത്തിന്റെ ഉൾപാളിയായ എന്റോമെട്രിയം അടർന്ന് രക്തത്തോടൊപ്പം യോനിയിലൂടെ പുറത്തുപോകുന്ന പ്രക്രിയയാണ് ആർത്തവം, മാസമുറ അഥവാ മെൻസസ്. ഇംഗ്ലീഷിൽ മെൻസ്ട്രൂവേഷൻ (Menstruation) എന്നറിയപ്പെടുന്നു. ഇത് തികച്ചും സ്വാഭാവികമായ ഒരു ശാരീരിക പ്രവർത്തനമാണ്. ഈസ്ട്രജൻ തുടങ്ങിയ സ്ത്രൈണ ഹോർമോണുകളുടെ പ്രവർത്തനഫലമായാണ് ആർത്തവം ഉണ്ടാകുന്നത്. മദ്ധ്യവയസിൽ ആർത്തവവിരാമം എന്ന ഘട്ടത്തിൽ എത്തുന്നത് വരെ ആർത്തവം തുടരുന്നു. ആർത്തവം ഉണ്ടായി എന്നത് കൊണ്ട് മാത്രം ഒരു പെൺകുട്ടി പ്രസവത്തിനോ, ലൈംഗികബന്ധത്തിനോ ശാരീരികമായോ മാനസികമായോ പക്വതനേടി എന്ന് പറയാനാവില്ല. ഗർഭപാത്രത്തിന്റെ വളർച്ച പൂർത്തിയാകാനും, ഹോർമോൺ ഉത്പാദനം മെച്ചപ്പെടാനും, ആർത്തവം ക്രമമാകാനും, പ്രത്യുത്പാദനത്തിന് പാകമാകാനും, മാനസികപക്വത ഉണ്ടാകാനും പിന്നേയും വർഷങ്ങൾ എടുക്കാറുണ്ട്. ആർത്തവ ദിനങ്ങളിൽ ഗർഭാശയഗളം തുറന്നിരിക്കുന്നതിനാൽ അണുക്കൾക്ക് ഗർഭപാത്രത്തിലേക്കും ഇടുപ്പറയിലേക്കും സ്വതന്ത്രമായി കയറിപ്പോകാനുള്ള സാഹചര്യമൊരുക്കാം. അണുനാശകമായ അസിഡിക് അന്തരീക്ഷം മാറി യോനീഭാഗത്ത് ക്ഷാരാവസ്ഥ വരും. ഇതും അണുബാധയ്ക്കുള്ള സാധ്യത കൂട്ടും. സ്ത്രീകളിലുണ്ടാകുന്ന മൂത്രനാളി അണുബാധകളുടെ പ്രധാനകാരണം ആർത്തവദിനങ്ങളിൽ വേണ്ടത്ര ശുചിത്വം പാലിക്കാത്തതാണ്. ആർത്തവ സമയത്ത് ശരീരശുചിത്വം, പ്രത്യേകിച്ചും യോനിശുചിത്വം വളരെ അത്യാവശ്യമാണ്. കാരണം അണുബാധയ്ക്ക് ഏറെ സാധ്യതയുള്ള സമയമാണിത്. യോനിഭാഗം കഴുകുന്നതു മുതൽ ഉപയോഗിയ്ക്കുന്ന സാനിറ്ററി വസ്തുക്കളിൽ വരെ ഏറെ ശ്രദ്ധ വേണ്ട സമയമാണിത്. യോനിഭാഗത്തു സോപ്പ്, ബോഡിവാഷ്, പെർഫ്യൂം തുടങ്ങിയവ ഉപയോഗിക്കുന്നതും നിശ്ചിത ഇടവേളകളിൽ പാഡ് മാറ്റാതിരിക്കുന്നതും പ്രശ്നം വഷളാക്കുന്നു. അതിനാൽ ആർത്തവവുമായി ബന്ധപ്പെട്ട ആരോഗ്യകരമായ അറിവുകൾ സ്കൂൾതലം മുതൽക്കേ എല്ലാ കുട്ടികൾക്കും പകർന്നു കൊടുക്കേണ്ടത് അനിവാര്യമാണ്[1][2].