കോശം
മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള കോശം / From Wikipedia, the free encyclopedia
ഘടനാപരമായും ധർമ്മപരമായും ജീവന്റെ അടിസ്ഥാന ഘടകമാണ് കോശം. [1] ഒരു ജീവിയുടെ ജീവനുള്ള ഏറ്റവും ചെറുതും സ്വയംവിഭജനശേഷി കാണിക്കുന്നതുമായ അസ്തിത്വമാണ് കോശം. ജീവന്റെ നിർമാണഘടകങ്ങൾ എന്ന് ഇവ വിശേഷിപ്പിക്കപ്പെടുന്നു. കോശത്തെക്കുറിച്ചുള്ള പഠനം 'സെൽ ബയോളജി' (കോശവിജ്ഞാനീയം) അഥവാ 'സൈറ്റോളജി' എന്നറിയപ്പെടുന്നു. ചെറിയ മുറി എന്ന അർത്ഥം വരുന്ന സെല്ല എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് സെൽ എന്ന ഇംഗ്ലീഷ് പദത്തിന്റെ ആവിർഭാവം. ശരീരത്തിൽ ഒറ്റക്കോശം മാത്രമുള്ളവ ജീവികളെ ഏകകോശജീവികൾ എന്നും (ഉദാ- ബാക്ടീരിയം) നിരവധി കോശങ്ങളുള്ളവയെ ബഹുകോശജീവികളെന്നും (ഉദാ- മനുഷ്യൻ) വിളിക്കുന്നു. മനുഷ്യശരീരത്തിൽ 1014 കോശങ്ങൾ ഉള്ളതായി കരുതപ്പെടുന്നു. സാധാരണയായി കോശത്തിന്റെ വലിപ്പം 1 മൈക്രോമീറ്ററിനും 10 മൈക്രോമീറ്ററിനും ഇടയിലാണ്. സാധാരണകോശത്തിന്റെ ഭാരം ഒരു നാനോഗ്രാമാണ്. കോശങ്ങളെ സൂക്ഷ്മദർശിനിയിലൂടെ മാത്രമേ കാണാനാകൂ.
1665-ൽ റോബർട്ട് ഹുക്ക് ആണ് കോശത്തിനെ കണ്ടെത്തിയത്. കോശത്തിന്റെ ആംഗലേയപദമായ സെൽ, 'ചെറിയ മുറി' എന്ന് അർത്ഥം വരുന്ന സെല്ല എന്ന ലാറ്റിൻ പദത്തിൽ നിന്നും വന്നതാണ്. 1665-ൽ റോബർട്ട് ഹുക്ക്, ഓക്ക് മരത്തിലെ കോർക്ക് കോശങ്ങളെ സൂക്ഷ്മദർശിനിയിലൂടെ വീക്ഷിച്ചപ്പോൾ സന്യാസിമാർ താമസിയ്ക്കുന്ന ചെറിയ മുറികൾ പോലെ തോന്നി. അതിനാലാണ് ഏറ്റവും ചെറിയ ജീവനുള്ള ജൈവഘടനയ്ക്ക് ആ പേര് നൽകിയത്. 1839ൽ ജേകബ് സ്ക്ലീഡനും തിയോഡോർ ഷ്വാനും ചേർന്ന് കോശസിദ്ധാന്തം രൂപപ്പെടുത്തി. കോശസിദ്ധാന്തത്തിലെ മുഖ്യസൂചനകൾ ഇവയാണ്.
- എല്ലാജീവജാലങ്ങളും ഒന്നോ അതിലധികമോ കോശങ്ങളാൽ രൂപപ്പെട്ടിരിയ്ക്കുന്നു.
- എല്ലാ കോശങ്ങളും മുൻപ് നിലനിന്നിരുന്ന കോശങ്ങളിൽ നിന്നാണ് ഉടലെടുക്കുന്നത്.
- ജീവൻ നില നിർത്താനായുള്ള സുപ്രധാന ധർമ്മങ്ങൾ നടക്കുന്നത് കോശങ്ങളിൽ വച്ചാണ്.
- കോശധർമ്മങ്ങളെ നിയന്ത്രിയ്ക്കുവാനും അടുത്ത തലമുറയിലേയ്ക്ക് പകരാനുമുള്ള പാരമ്പര്യവിവരങ്ങൾ കോശങ്ങളിലാണ് അടങ്ങിയിരിക്കുന്നത്.
3.5 ബില്യൺ വർഷങ്ങൾക്കുമുമ്പാണ് കോശങ്ങൾ ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ടത്. [2] ശരീരത്തിൽ ഒരേ ധർമ്മം നിർവഹിക്കുന്ന കോശങ്ങളുടെ സമൂഹം കല (ടിഷ്യൂ) എന്നറിയപ്പെടുന്നു. രക്തം, അസ്ഥികല, പേശീകല, ആവരണകല, യോജകകല, നാഡീകല തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഒട്ടകപ്പക്ഷിയുടെ മുട്ടയാണ് അറിയപ്പെടുന്നതിൽ വച്ച് ഏറ്റവും വലിപ്പമേറിയ കോശം. അറിയപ്പെടുന്നതിൽ വച്ച് ഏറ്റവും ചെറിയ കോശങ്ങൾ പ്ള്യൂറോ ന്യുമോനിയ പോലുള്ള ജീവികളുടെതാണ് (Pleuro Pneumonia like Organism-PPLO).