ആസ്റ്ററിസം (ജ്യോതിഃശാസ്ത്രം)
From Wikipedia, the free encyclopedia
രാത്രികാല ആകാശത്തിൽ നക്ഷത്രങ്ങളാൽ രൂപീകൃതമായ, നഗ്നനേത്രങ്ങളാൽ നിരീക്ഷിച്ച് കണ്ടെത്താൻ കഴിയുന്ന പ്രത്യേക രൂപങ്ങളെയാണ് ആസ്റ്ററിസം എന്നു വിളിയ്ക്കുന്നത്. നക്ഷത്രരാശികൾ പോലെയുള്ള[lower-roman 1] മറ്റൊരു പാറ്റേൺ ആണിത്.[1] നക്ഷത്രരാശികൾക്ക് ഔദ്യോഗിക അതിരുകൾ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ ഇവയ്ക്ക് അങ്ങനെയുള്ള അതിരുകൾ ഇല്ല. എന്നാൽ ഈ നിർവചനം തന്നെ അത്ര കൃത്യമല്ല. വ്യത്യസ്ത സ്രോതസ്സുകളിൽ ഇതിനെ വ്യത്യസ്തമായാണ് നിർവ്വചിച്ചിരിയ്ക്കുന്നത്. ചില കേസുകളിൽ ഇത് മുന്നേ ഉണ്ടായിരുന്ന, എന്നാൽ ഇപ്പോൾ നക്ഷത്രരാശി അല്ലാത്ത ഒരു പാറ്റേണിനെ സൂചിപ്പിയ്ക്കുന്നു.[2] ചില കേസുകളിൽ ഇത് വലിയ ഒരു നക്ഷത്രരാശിയുടെ ഭാഗമായ ഒരു പാറ്റേൺ ആകാം. ചില കേസുകളിൽ പല നക്ഷത്രരാശികളിൽ നക്ഷത്രങ്ങൾ കൂടിച്ചേർന്നത് ആകാം ഒരു ആസ്റ്ററിസം.
പലപ്പോഴും ഒരു ആസ്റ്ററിസത്തിന് കുറച്ചു തിളക്കമുള്ള നക്ഷത്രങ്ങൾ മാത്രം അടങ്ങിയ ലഘുവായ ഒരു ആകൃതിയേ ഉണ്ടാകൂ എന്നതിനാൽ ഇവയെ ആകാശത്ത് കണ്ടു പിടിയ്ക്കാൻ അധികം ബുദ്ധിമുട്ട് ഉണ്ടാകാറില്ല. അതിനാൽ നക്ഷത്രനിരീക്ഷണത്തിലെ തുടക്കക്കാർക്ക് ഇവയെ കണ്ടെത്താൻ എളുപ്പമാണ്. ഉദാഹരണത്തിന് കലപ്പ, ചാൾസ്' വെയ്ൻ, ബിഗ് ഡിപ്പർ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഏഴു നക്ഷത്രങ്ങൾ അടങ്ങിയ ആസ്റ്ററിസം ഇന്റർനാഷണൽ അസ്ട്രോണോമിക്കൽ യൂണിയൻ അംഗീകരിച്ച ഉർസ മേജർ അഥവാ സപ്തർഷികൾ എന്ന നക്ഷത്രരാശിയുടെ ഒരു ഭാഗം ആണ്. അതുപോലെയുള്ള വേറൊന്നാണ് ത്രിശങ്കു നക്ഷത്രരാശിയിലെ തെക്കൻ കുരിശ് (southern cross) എന്ന ആസ്റ്ററിസം.